ഇത് എന്റെ ആദ്യത്തെ കഥയാണ്. ഈ കഥ എന്റെ ഒരു ഫ്രണ്ട് വേറൊരു പേജിൽ ഇതിനു മുൻപ് എഴുതിയിട്ടുണ്ട് അത് ഇംഗ്ലീഷിൽ ആയിരുന്നു. അവൾക്കു മലയാളം അറിയില്ല എന്നത് തന്നെ ആയിരുന്നു അതിന്റെ കാരണം. ഈ കഥയിൽ ഞാനും ഒരു കഥാപാത്രം ആയതിനാൽ എനിക്കും അത് മലയാളത്തിൽ എഴുതണം എന്ന് തോന്നി. എന്നാൽ ഇത് എന്റെ വേർഷൻ എഴുതുന്നതിലും ത്രില്ലിംഗ് അവളുടെ വേർഷൻ എഴുതുന്നതാണ് എന്നതുകൊണ്ട് കഥ അങ്ങനെ ആണ് പോകുന്നത്. ഇത് ശരിക്കും കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണ്. വായനക്കാരുടെ താത്പര്യത്തിന് വേണ്ടി കുറച്ചു മസാല ചേർത്തു എന്ന് മാത്രം. ഈ കഥ നടക്കുന്നത് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്താണ് എന്ന് ആദ്യമേ മനസിലാക്കുക. ഞാൻ ആരാണെന്ന് വായനക്കാർ തന്നെ മനസ്സിലാക്കുന്നതാകും നല്ലത്.
എന്നെ കഥയെഴുതാൻ പ്രേരിപ്പിച്ച ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട് ഈ പേജിൽ. അതിൽ ഏറ്റവും എന്നെ ഈ പേജിലേക്ക് അടുപ്പിച്ച എഴുത്തുകാരൻ ആണ് “ഫ്ലോക്കി കട്ടേക്കാട് “. അദ്ദേഹത്തിന്റെ പകുതിയിൽ നിർത്തിയ കഥകൾക്കായി ഞാൻ 2 വർഷമായി കാത്തിരിക്കുന്നു ഈ കഥ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കായി സമർപ്പിക്കുന്നു.
അധ്യായം – ഫാക്ടറിയിലെ രഹസ്യം
പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ആഷിയുമായി എന്തോ രക്തബന്ധം ഉള്ളത് പോലെ. അല്ലെങ്കിൽ പുരുഷന്മാർ അടക്കിവാഴുന്ന ഈ മെഷീനുകളുടെ ലോകത്തിൽ ഞങ്ങൾ കണ്ടുമുട്ടില്ലായിരുന്നു. ഒരു മെഷീനുകളുടെ പാർട്സ് ഉൽപാദിപ്പിക്കുന്ന സ്ഥാപനത്തിന്റെ സെയിൽസ് ടീമിലെ ഏക സ്ത്രീ അംഗമാണ് ഞാൻ. ഇവിടെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്ത ഒരു ഡസൻ ഉദ്യോഗാർഥികളിലെ ഏക സ്ത്രീ ആയിരുന്നു ആഷി. ഈ ഫീൽഡിൽ സ്ത്രീകൾക്ക് പൊതുവെ വലിയ താല്പര്യം ഉണ്ടാവാറില്ല. വളരെ വർഷത്തെ എന്റെ അധ്വാനം കൊണ്ട് സെയിൽസ് ടീമിൽ ഞാൻ മറ്റുള്ളവരോടൊപ്പം തുല്യമായി പരിഗണിക്കപ്പെട്ടു. അതേപോലെ ആഷിയും അസൂയവഹമായ ജോലിയിലുള്ള ആത്മാർത്ഥതയും ഉത്സാഹവും മറ്റു പുരുഷ ട്രെയിനികളിൽ നിന്നും അവളെ വ്യത്യസ്ത ആക്കി.